Kerala
കൊച്ചി: നടൻ ടിനി ടോം വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ടും നൽകി.
സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് പോലീസിന്റെ ഈ നിർണായക നീക്കം. ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായാണ് അൻസിബ പോലീസിനെ സമീപിച്ചത്.
തുടർന്ന് പോലീസ് പ്രാഥമിക പരിശോധന നടത്തുകയും അൻസിബ, ടിനി ടോം എന്നിവരെ നേരിട്ട് വിളിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുഭാഗത്തിന്റെയും മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാണ് കേസ് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്.
അൻസിബ നൽകിയ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടിനി ടോം വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളില്ല.
തെളിവുകളുടെ അഭാവത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയാണ് കടവന്ത്ര പോലീസ് എസിപിക്ക് റിപ്പോർട്ട് നൽകിയത്. ഈ വിഷയത്തിൽ ടിനി ടോമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വൻ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി. കോഴിക്കോട് വാണിമേല്‍ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45) ആണ് മരിച്ചത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ യുവാവിനാണ് ജീവൻ നഷ്ടമായത്. ഇടതു വൃക്കയിൽ ചെയ്യേണ്ട ശസ്ത്രക്രിയ വലതു വൃക്കയിൽ ചെയ്തെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇന്നു പുലർച്ചെയാണ് റീജിത്ത് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ഇടതു വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയിൽ ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
ആദ്യം ശസ്ത്രക്രിയ ചെയ്ത വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്തു വീണ്ടും ശസ്ത്രക്രിയ നടത്തിയെന്നും കുടുംബം ആരോപിച്ചു. റീജിത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം ഇതുവരെ തയാറായിട്ടില്ല. ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ഭാര്യ ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല്‍ കോളജ് പോലീസിനും പരാതി നല്കി. അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് റീജിത്ത് മരിച്ചത്.
വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില്‍ റീജിത്തിനെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്. എന്നാല്‍, ഡോക്ടര്‍മാര്‍ വലതുഭാഗത്താണു ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള്‍ തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്തു ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും ദീപിക ഒാൺലൈനിനോടു പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിതിനു പിന്നാലെയാണ് വീണ്ടുമൊരു ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. റീജിത്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയപ്പോള്‍ വലതുവശത്ത് വലിയ ദ്വാരമുണ്ടാക്കി പൈപ്പ് ഇട്ടിരുന്നു. അവിടെനിന്ന് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍നിന്നു ഡിസ്ചാര്‍ജാക്കി. പഴുപ്പ് നിലയ്ക്കാത്തതുകൊണ്ട് വീണ്ടും അഡ്മിറ്റാക്കി. ഈ സമയത്ത് തങ്ങളുടെ സമ്മതമില്ലാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി.
ഭര്‍ത്താവിന് എന്താണ് പറ്റിയതെന്നു ചോദിക്കുമ്പോള്‍, ഇതൊക്കെ സാധാരണയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്നു ഷിജില പറഞ്ഞു. രണ്ടു ഭാഗത്തും നടത്തിയ ശസ്ത്രക്രിയകള്ക്കുശേഷം ഇരു ഭാഗത്തും പഴുപ്പും നീര്‍ക്കെട്ടുമുണ്ടായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴൊക്കെ വീട്ടില്‍ പോയി വിശ്രമിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞമാസം 18ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായിയെന്നും ശ്വാസകോശത്തിനും വൃക്കകള്‍ക്കും അണുബാധയുണ്ടായി ഭര്‍ത്താവിന്റെ ആരോഗ്യനില അത്യന്തം ഗുരുതരമാണെന്നും ഷിജില വ്യക്തമാക്കി. മേയ് 30നാണ് ഐസിയുവിലേക്കു മാറ്റിയത്.
കഴിഞ്ഞമാസം 31നാണ് ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനു പരാതി നല്‍കിയത്. സഹോദരന് റിജിലേഷ് ഈ മാസം ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് എസ്എച്ച്ഒയ്ക്കും പരാതി നല്കി. അന്വേഷിക്കാമെന്നു പറഞ്ഞതല്ലാതെ പോലീസ് തുടര്‍നടപടി സ്വീകരിച്ചതായി അറിയില്ലെന്ന് റിജിലേഷ് പറഞ്ഞു.
സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത റീജിത്തിനു സംഭവിച്ച ദുരവസ്ഥയില്‍ കുടുംബം ആകെ തളര്‍ന്നിരിക്കുകയാണ്. ഇന്‍ഡസ്ട്രിയല്‍ ജോലി ചെയ്താണ് റീജിത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതു മുതല്‍ റീജിത്തിന്റെ ആരോഗ്യ നില അനുദിനം വഷളായി. സഹോദരന്റെ വീട്ടിലാണ് റീജിത്ത് താമസിക്കുന്നത്. ഷിജിലയുടെ പരാതി കിട്ടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്താന്‍ എസിപിയുടെ അനുമതി തേടിയിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് എസ് എച്ച്ഒ ദീപികയോടു പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട് നൽകി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
District News
കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി. പെരുവയല്‍ പഞ്ചായത്തംഗം എം.എം. പ്രസാദിനെയാണ് പുറത്താക്കിയത്.
കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് നടപടി. ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കയ്യില്‍ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്നമംഗലം പോലീസില്‍ പരാതി നല്‍കിയത്.
കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിരുന്നു പ്രസാദ്. പരാതിക്കു പിന്നാലെ പ്രസാദിനോട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. അങ്കണവാടി വര്‍ക്കേഴ്സ് ജാഗ്രതാ സമിതിയുടെ ചെയര്മാന് കൂടിയാണ് പ്രതിയായ പ്രസാദ്. പ്രസാദിന്റെ രാജി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാര്‍ പെരുവയല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.
Kerala
കോഴിക്കോട്: സമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പേരാന്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹലിയക്കെതിരെ സിപിഎം പരാതി നൽകി. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലിനീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഒരു കുടുംബം അതിദാരിദ്ര്യത്തില്‍ ആണെന്നും 18 വര്‍ഷമായി സര്‍ക്കാര്‍ ഇവര്‍ക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ഇവർക്ക് വീട് ലഭിക്കാൻ അർഹതയില്ല.
ഇത് മറച്ചു വെച്ച് കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു.
Kerala
തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ.ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ലോക് ജൻശക്തി പാർട്ടി (രാംവിലാസ്) സംസ്ഥാന ജനറൽ സെക്രട്ടറി ദിലീപ് വാഴപ്പിള്ളി അറിയിച്ചു.
ഗുരുവായൂർ ക്ഷേത്രനട പശ്ചാത്തലമാക്കി ഗുരുവായൂർ മണ്ഡലത്തിൽ ഹിന്ദു എംഎൽഎ ഉണ്ടാകണമെന്ന വീഡിയോ ചിത്രീകരിച്ച് തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയതിനെതിരേയാണ് നിയമനടപടി ആവശ്യപ്പെടുന്നത്.
ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകമ്മീഷനു പരാതിനൽകും. ബി. ഗോപാലകൃഷ്ണനെ എൻഡിഎ സ്ഥാനാർഥിയായി മത്സരിപ്പിക്കരുതെന്ന് എൻഡിഎ ചെയർമാൻ രാജീവ് ചന്ദ്രശേഖറിനോടും ആവശ്യപ്പെടും.
ബി. ഗോപാലകൃഷ്ണൻ മാപ്പുപറയാത്തപക്ഷം ഗുരുവായൂർ മണ്ഡലത്തിലെ പ്രചാരണത്തിൽനിന്നു മാറിനിൽക്കുമെന്നും അറിയിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് അതിജീവിത പോലീസിൽ പരാതി നൽകി. സാമൂഹികമാധ്യമത്തിലൂടെ വീണ്ടും വീഡിയോ പങ്കുവെച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യത്തെ പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. 16 ദിവസത്തിനു ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.
പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയായിരുന്നു കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. തന്റെ കുടുംബം തകർത്തത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് പറഞ്ഞ് അതിജീവിതയുടെ ഭർത്താവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് രാഹുൽ ഈശ്വർ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. അതിജീവിതയുടേത് വ്യാജ പരാതിയാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് അതിജീവിത രാഹുൽ ഈശ്വറിനെതിരേ പുതിയ പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ആരോപണങ്ങളുമായി അതിജീവിതയുടെ ഭർത്താവ്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു.
തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ വാദം.
എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Kerala
തിരുവനന്തപുരം: പി.ടി. കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗീക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത.
പി.ടി. കുഞ്ഞു മുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്.
ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
അതേസമയം, കുഞ്ഞു മുഹമ്മദിനെതിരായ ലൈംഗീകാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഹിറ്റായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. വ്യാഴാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
പന്തളം ഏരിയാ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. പാരഡി ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത് വ്യാപകമായി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിനിടെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സിപിഎം ഒരുങ്ങുന്നത്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചതിനു പിന്നാലെ അത് ഡിജിപിക്ക് കൈമാറി.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യും. പ്രധാനപ്പെട്ട പലർക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്.
ആദ്യ കേസിൽ എഫ്ഐആർ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആ നിലപാട് തുടരും. ശക്തമായ നിലപാടാണ് പാർട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍ഗോട്ടും ഇടുക്കിയിലും തിരുവനന്തപുരത്തുമാണ് പോലീസ് കേസെടുത്തത്.
നെടുങ്കണ്ടം സ്വദേശിയായ അബ്ദുൾ കെ.നാസർ, ശ്രീകാര്യം ചെറുതലയ്ക്കലക്കൽ സ്വദേശി ലിജുമോൻ, കാസർഗോഡ് സ്വദേശിയായ ഒരാൾക്കെതിരെയുമാണ് കേസെടുത്തത്.സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിയിച്ചെന്നും അതുവഴി അതിജീവിതയുടെ അന്തസിനെ ഹനിച്ചെന്നും പോലീസ് പറഞ്ഞു. യുവതി നൽകിയ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേമം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ പരാതി നൽകിയിരുന്നു.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണെന്നു സതീശൻ പറഞ്ഞു.
സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സതീശന് പറഞ്ഞു.
കൊല്ലം സ്വദേശി വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്.
മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍ തകരാര്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്.
നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ജിസിഡിഎ സെക്രട്ടറിയാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. കയറരുതെന്ന് നിര്‍ദേശിച്ചിട്ടും ബലമായി കയറിയെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അതിക്രമിച്ചു കയറിയതോടെ സ്റ്റേഡിയത്തിനകത്തെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജിസിഡിഎ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നവീകരണത്തിനായി കലൂര്‍ സ്റ്റേഡിയം സ്പോണ്സര്മാര്ക്ക് കൈമറിയതില് ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്, എംഎല്‍എമാരായ ഉമാ തോമസ്, ടി.ജെ വിനോദ് എന്നിവരടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.
Kerala
അമ്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Movies
സഹോദരന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ വിചാരണ നേരിടാനൊരുങ്ങി നടി ഹൻസിക മൊത്വാനി.
ഹൻസികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്കൻ നാൻസി ജെയിംസ് സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്ന ഹൻസികയുടെ ഹർജി മുംബൈ ഹൈക്കോടതി തള്ളി. ഹൻസികയും അമ്മയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് മസ്കൻ നാൻസി നൽകിയ പരാതിയിൽ പറയുന്നു.
ഹൻസികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരെ സ്ത്രീധന പീഡനം, മനഃപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹർജി തള്ളിയതോടെ താരവും അമ്മയും വിചാരണ നേരിടേണ്ടി വരും.
2021 മാർച്ചിലാണ് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനി മസ്കൻ നാൻസി ജെയിംസും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ നാൻസിയും ഭർത്താവ് പ്രശാന്തും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഭർതൃവീട്ടുകാർ പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. തന്റെ പേരിലുണ്ടായ ഫ്ലാറ്റ് വിൽക്കാൻ നിർബന്ധിച്ചുവെന്നും മസ്കന്റെ പാരിതിൽ പറയുന്നു. പീഡനം മൂലം മുഖത്ത് പക്ഷാഘാതത്തിന് കാരണമാകുന്ന ബെൽസ് പാൾസി എന്ന അവസ്ഥ ബാധിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.